പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങൾ പതിവാകുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു. ഇന്നലെ ബസ് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കവും അസഭ്യവർഷവും നടന്നു.
ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പാലായിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് പാർക്ക് ചെയ്യുന്നതിന് പിന്നോട്ട് എടുക്കുമ്പോൾ പിന്നിൽ സ്വകാര്യ ബസ് നിർത്തി. ഇതോടെ ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കുതർക്കമായി. രണ്ട് ബസും സ്റ്റാൻഡിന് നടക്കു നിർത്തിയതോടെ മറ്റ് ബസുകൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതി വന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. മറ്റ് ബസ് തൊഴിലാളികൾ ഇടപെട്ടാണ് തർക്കം പരിഹരിച്ച് ഗതാഗതം പുനസ്ഥാപിച്ചത്.
ബസ് സ്റ്റാൻഡിൽ ദിവസേന ഇത്തരം തർക്കങ്ങളും സംഘർഷാവസ്ഥയും പതിവാണെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. പലപ്പോഴും തർക്കങ്ങൾ പരസ്യ തെറിവിളിയിലേക്കും എത്താറുണ്ട്. ബസുകളുടെ മത്സര ഓട്ടവും തർക്കങ്ങൾക്ക് ഇടയാക്കുന്നുവെന്നും സ്റ്റാൻഡിൽ ചില ബസുകൾ അമിതവേഗത എടുക്കാറുണ്ടെന്നും പരാതിയുണ്ട്.
സ്റ്റാൻഡിനുള്ളിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല. ഹോം ഗാർഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും കാര്യക്ഷമായ ഇടപെടൽ ഇല്ലെന്നും യാത്രക്കാരും വ്യാപാരികളും പറയുന്നു.